
ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും ഡീപ്‌ഫേക്ക് വീഡിയോകളും പ്രചരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് കേന്ദ്രസർക്കാരിനോട് മാപ്പ് പറഞ്ഞതായി റിപ്പോർട്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെയും പാർലമെന്ററി സമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുമായി മെറ്റ പ്രതിനിധികൾ നടത്തിയ നിർണായക യോഗത്തിലാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഖേദം പ്രകടിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യോഗത്തിൽ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്വം, ഉള്ളടക്ക നിയന്ത്രണം, ഉപയോക്തൃസുരക്ഷ എന്നിവ സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ചയായി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം ചർച്ചയിൽ ഉയർന്നില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഉള്ളടക്ക നിയന്ത്രണത്തിൽ വീഴ്ചകൾ സംഭവിച്ചതും ദോഷകരമായ ഉള്ളടക്കങ്ങൾ സമയബന്ധിതമായി തടയുന്നതിൽ പാകപ്പിഴകൾ ഉണ്ടായതും മെറ്റ സമ്മതിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചില പ്രത്യേക വിഭാഗത്തിലുള്ള ഉള്ളടക്കങ്ങൾക്ക് വ്യാപക പ്രചാരണം ലഭിക്കാൻ വലിയ തുകകൾ ചെലവഴിച്ചിരുന്നുവെന്ന കാര്യവും കമ്പനി അംഗീകരിച്ചതായാണ് വിവരം.
ഉപയോക്താക്കൾക്ക് ഏതെല്ലാം ഉള്ളടക്കങ്ങൾ കാണിക്കണമെന്ന് മെറ്റയുടെ അൽഗോരിതം തന്നെ തീരുമാനിക്കുന്ന സാഹചര്യത്തിൽ, ഐ.ടി. നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള 'സേഫ് ഹാർബർ' നിയമപരിരക്ഷ കമ്പനി അവകാശപ്പെടാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഉള്ളടക്കത്തിന്റെ പ്രചരണം പ്ലാറ്റ്‌ഫോം തന്നെ നിർണയിക്കുന്നതിനാൽ സാധാരണ ഇടനിലക്കാരെന്ന (Intermediary) നിലയിൽ ലഭിക്കുന്ന നിയമപരിരക്ഷ ഇവിടെ ബാധകമല്ലെന്നാണ് സർക്കാരിന്റെ നിലപാട്.
ഐ.ടി. നിയമത്തിലെ സെക്ഷൻ 79 പ്രകാരം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സെർച്ച് എൻജിനുകൾ, വെബ്‌സൈറ്റുകൾ, ഇന്റർനെറ്റ് സേവനദാതാക്കൾ തുടങ്ങിയ ഇടനിലക്കാർക്ക് ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ചില സാഹചര്യങ്ങളിൽ നിയമപരമായ സംരക്ഷണം ലഭിക്കുന്നതാണ് 'സേഫ് ഹാർബർ' വ്യവസ്ഥ.
യോഗത്തിനിടെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മെറ്റ അധികൃതർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. ചോദ്യച്ചോർച്ചകൾക്കെതിരെ നടപടി ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തെ തുടർന്നാണ് മെറ്റയ്ക്കെതിരെ കേന്ദ്രസർക്കാർ കടുത്ത നടപടികൾ ആരംഭിച്ചത്.
സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ഐ.ടി. നിയമപ്രകാരമുള്ള നിയമപരിരക്ഷ പിൻവലിക്കുന്നതടക്കമുള്ള നടപടികൾ പരിഗണിക്കുമെന്നും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി മെറ്റയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.










